ഉറവിടം അറിയാത്ത രോഗികള്‍ കൂടി: തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം

ഉറവിടം അറിയാത്ത രോഗികള്‍ കൂടി: തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം

തിരുവനന്തപുരം: നാലുപേര്‍ക്ക് കൂടി ഉറവിടം അറിയാതെ കൊവിഡ് സ്ഥിരീകരിച്ച തിരുവന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം. സൊമാറ്റോ ഡെലിവറി ബോയിക്ക് രോഗം സ്ഥീകരിച്ചതോടെ കണ്ടെയിന്‍മെന്റ് മേഖലകളില്‍ ഭക്ഷണ വിതരണം അവസാനിപ്പിച്ചു. കുന്നത്തുകാല്‍ സ്വദേശിയായ സൊമാറ്റോ ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. പാളയം മത്സ്യമാര്‍ക്കറ്റിന് പിന്നിലെ ലോഡ്ജിലായിരുന്നു താമസം. നഗരത്തിലെ പലപ്രധാന ഹോട്ടലുകളില്‍ നിന്നും മിക്ക സ്ഥലങ്ങളിലേക്കും ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്.

ബുധനാഴ്ചയാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. ക്വാറന്റീനില്‍ കഴിയുന്നവരുടെ വീടുകളിലെ ഭക്ഷണം വിതരണത്തിലൂടെയാകാം രോഗം പിടിപ്പെട്ടത് എന്നാണ് നിഗമനം.സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുമ്പോഴും നിലവില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ് വേണ്ടെന്നാണ് തീരുമാനം. ഇന്നലെ രോഗം സ്ഥിരീകരിച്ച 16 പേരില്‍ സമ്പര്‍ക്കത്തിലൂടെ രോഗം പിടിപ്പെട്ട നാലുപേരും നഗരവാസികളാണ്. നാല് പേരുടെയും ഉറവിടം അവ്യക്തമാണ്. ഇതോടെ തിരുവന്തപുരത്ത് ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം 26ആയി. 

വൈറസ് ബാധ സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയായ മെഡിക്കല്‍ റെപ്രസെന്റേറ്റീവ് കഴക്കൂട്ടത്തെ ആശുപത്രികളും നാലാഞ്ചിറ കെജികെ ആശുപത്രിയും സന്ദര്‍ശിച്ചിട്ടുണ്ട്. ഇദ്ദേഹവുമായി ബന്ധപ്പെട്ട ഡോക്ടര്‍മാരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടു. യാത്രാപശ്ചാത്തലമില്ലാത്ത 66കാരനും പൂന്തുറയില്‍ രോഗം സ്ഥിരീകരിച്ചു. കുമരിച്ചന്ത മീന്‍ ചന്തയിലെ ജീവനക്കാരനായ കല്ലാട്ടുമുക്ക് സ്വദേശിക്കും രോഗം സ്ഥിരികരിച്ചിട്ടുണ്ട്. പൂന്തുറ, ബീമാപള്ളി അടക്കമുള്ള തീരദേശ മേഖലകളെ പ്രത്യേകം നിരീക്ഷിക്കാനായി കണ്ട്രോള്‍ റൂം തുറക്കും. നഗരസഭയുടെ പ്രത്യേക സ്വകാഡുകള്‍ രാത്രികാല പരിശോധന നടത്തും

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ബാലാരാമപുരം സ്വദേശിയായ വെല്‍ഡറുടെ റൂട്ട് മാപ്പ് പുറത്തു വന്നു. നിരവധി പേരാണ് ഇയാളുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉളളത്. ബാലരാമപുരം , കോട്ടുകാല്‍ വില്ലേജ് ഓഫീസുകള്‍, സബ് രജിസ്ട്രാര്‍ ഓഫീസ്, മെഡിക്കല്‍ കോളേജിലെ ഒപി ബ്ലോക്ക് എന്നിവിടങ്ങളിലെല്ലാം സമ്പര്‍ക്ക പട്ടികയില്‍ ഉണ്ട്. കാലടിയിലെ ഒരു വീട്ടില്‍ വെല്‍ഡിംഗ് ജോലിക്കും പോയി.

നെയ്യാറ്റിന്‍കര വഴുതൂര്‍ സ്വദേശിയും വിഎസ്എസ്സിയിലെ അപ്രന്റീസ് ട്രെയിനിയുമായ ആളുടെ റൂട്ട് മാപ്പും പുറത്തുവന്നു. വഴുതൂരിലെ നിരവധി കടകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. പാളയം ഗുഡ് മോണിംഗ് സ്റ്റോറിലെ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളി 14 ദിവസത്തെ ക്വാറന്റീനില്‍ കഴിഞ്ഞ ശേഷം 28, 29 തീയതികളില്‍ പാളയത്തെ വിവിധ കടകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.