മരണമെത്തും മുമ്പേ മകനെ കാണാനാവുമോ ?

മരണമെത്തും മുമ്പേ മകനെ കാണാനാവുമോ ?

ന്യൂഡൽഹി: മൊബൈല്‍ ഫോണ്‍ ചെവിയില്‍ ചേര്‍ത്ത് വെച്ച് ഒരു മുതിര്‍ന്ന മനുഷ്യന്‍ കരയുകയാണ്. കവിള്‍ത്തടത്തിലെ ഞരമ്പുകളെല്ലാം വലിഞ്ഞ് കരയുന്ന ആ മനുഷ്യന്റെ മുഖം ലോക്ക്ഡൗണ്‍ കാലത്തെ കുടിയേറ്റതൊഴിലാളികളുടെയെല്ലാം വേദനയാവാഹിച്ച പടമായിരുന്നു. പിടിഐ ഫോട്ടോ ഗ്രാഫറായ അതുല്‍ യാദവ് എടുത്ത ഈ ചിത്രം സംവദിക്കുന്നത് ഒരു മനുഷ്യന്റെ വീടെത്താനുള്ള വ്യഥ മാത്രമല്ല. പകരം മരണം കാത്തു കിടക്കുന്ന തന്റെ മകനെ അവസാനമായി കാണാനുള്ള ഒരച്ഛന്റെ വേദന കൂടിയാണ് . പിന്നീട് ഈ ചിത്രം രാജ്യമൊട്ടുക്കുമുള്ള മാധ്യമങ്ങള്‍ ഏറ്റെടുത്തു. 

ഹൃദയം നുറുങ്ങുന്ന കാഴ്ച നല്‍കിയ ഫോട്ടോക്കു പിന്നിലെ കഥ പറയുകയാണ് ഫോട്ടോ ഗ്രാഫര്‍ അതുല്‍ യാദവ്.

നിസാമുദ്ദീന്‍ പാലത്തിലിരുന്ന് കൊണ്ട് അദ്ദേഹം ഫോണില്‍ സംസാരിക്കുകയായിരുന്നു. അനിയന്ത്രിതമായി കരയുന്നുമുണ്ടായിരുന്നു. എനിക്കെന്റെ കാമറ കണ്ണുകളെ തടയാനായില്ല.
കഴിഞ്ഞ കുറച്ചാഴ്ചകളായി നിരവധി കുടിയേറ്റക്കാരെ കാണുകയും അവരുടെ ഫോട്ടെയെടുക്കുകയും ചെയ്തിട്ടുണ്ട്. അവരിലോരോരുത്തരും നിസ്സഹായരായിരുന്നു. എന്നാല്‍ ഒരു മുതിര്‍ന്ന മനുഷ്യന്‍ ഇങ്ങനെ കരയുന്നത് എന്നെ അത്ഭുതപ്പെടുത്തി.  കാമറയെടുത്ത് ഞാനാ ദൃശ്യം ഒപ്പി. എന്നാല്‍ സാധാരണപോലെ ചിത്രം പകര്‍ത്തി എന്റെ മറ്റ് പണികളിലേക്ക് കടക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. ആ കണ്ണീരിനു പിന്നിലെ വ്യഥ എനിക്കറിയണമായിരുന്നു. ഞാനയാളോട് ചോദിച്ചു.

"എന്റെ കുഞ്ഞ് അസുഖബാധിതനാണ്. എപ്പോള്‍ വേണമെങ്കിലും മരണപ്പെടാം". വീടെത്തണം', നിരാശനായ പിതാവ് എന്നോട് പറഞ്ഞു.

എവിടെയാണ് വീടെന്ന ചോദ്യത്തിന് ഏങ്ങിക്കരഞ്ഞ് കൊണ്ട് അയാള്‍ അവിടെ എന്ന് മറുപടി നല്‍കി.1,200 കിലോമീറ്റര്‍ അകലെയുള്ള ബീഹാറിലെ ബെഗുസാരായിലെ ബരിയാര്‍പൂരാണ് വീട് എന്ന് പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത്.

നജഫ്ഗഡിലാണ് ഇയാള്‍ തൊഴിലെടുക്കുന്നത്. ലോക്ക്ഡൗണ്‍ ദിനങ്ങളിള്‍ പട്ടിണിയിലായതോടെ അവിടെ നിന്ന് വീടെത്താനായി പുറപ്പെട്ട നൂറ് കണക്കിന് കുടിയേറ്റ തൊഴിലാളികളില്‍ ഒരാളായി അവര്‍ക്കൊപ്പം അയാളും ചേര്‍ന്നു. എന്നാല്‍ നിസാമുദ്ദീന്‍ പാലത്തില്‍ എത്തിയ അവരുടെ കാല്‍നടയാത്രയെ പോലീസ്  തടഞ്ഞു. യാത്ര മുടങ്ങിയ ദുഃഖത്തില്‍ ഇനി മകനെ കാണാനാകുമോ എന്ന ഭയത്തില്‍ അയാള്‍ തേങ്ങിക്കരയുകയായിരുന്നു.

ഞാന്‍ അദ്ദേഹത്തിന് ബിസ്‌കറ്റും കുറച്ച് വെള്ളവും നല്‍കി. എന്നാല്‍ തന്റെ മകനെ ഇനി കാണാനാകുമോ എന്ന് ഭയപ്പെടുന്ന ഒരു പിതാവിന് ഇതൊന്നും ആശ്വാസം നല്‍കില്ലെന്ന് ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു.

ആ മനുഷ്യനെ അയാളുടെ ദുരിതത്തില്‍ നിന്ന് കരകയറ്റാന്‍ ഞാന്‍ തീവ്രമായി ആഗ്രഹിച്ചു, സമീപത്തുള്ള പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ച് അതിര്‍ത്തി കടക്കാന്‍ അനുവദിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിച്ചു.

അവര്‍ ആദ്യം വിമുഖത കാണിച്ചെങ്കിലും ഒരു മാധ്യമ പ്രവര്‍ത്തകനില്‍ നിന്ന് അഭ്യര്‍ത്ഥന വന്നതിനാല്‍ അദ്ദേഹം വീട്ടിലെത്തുന്നത് ഉറപ്പാക്കുമെന്ന് അവര്‍ പറഞ്ഞു.
അതിനു ശേഷം ഞാന്‍ വീട്ടിലേക്ക് മടങ്ങി.  അയാള്‍ക്ക് വീട്ടിലെത്താന്‍ കഴിയുമോ, കുട്ടി സുഖമായിരിക്കുമോ എന്നെല്ലാം എനിക്ക് അറിയണമെന്നുണ്ടായിരുന്നു പക്ഷെ അയാളുടെ പേരോ ഫോണ്‍ നമ്പറോ ഞാന്‍ ചോദിച്ചിട്ടുണ്ടായിരുന്നില്ലെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.

ഞാന്‍ എടുത്ത ഫോട്ടോ പിടിഐ പുറത്തുവിട്ടു. രാജ്യത്തെ ഒട്ടുമിക്ക മാധ്യമങ്ങളിലെല്ലാം പടം വന്നു. പിന്നീട് നിരവധി മാധ്യമങ്ങള്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു. ആ പേര് പോലും പിന്നീടാണ് ഞാനറിയുന്നത്.  രാംപുകര്‍ പണ്ഡിറ്റ്. രോഗത്തോട് കീഴ്‌പെട്ട് അയാളുടെ മകന്‍ യാത്രയായെന്നും അറിയാന്‍ കഴിഞ്ഞു. അതെന്റെ ഹൃദയത്തെ നുറുക്കി.