സംസ്ഥാനത്തെ 27 പ്രധാന ആശുപത്രികള്‍ സമ്പൂര്‍ണ്ണ കോവിഡ് ആശുപത്രികളാക്കി മാറ്റും

സംസ്ഥാനത്തെ 27 പ്രധാന ആശുപത്രികള്‍ സമ്പൂര്‍ണ്ണ കോവിഡ് ആശുപത്രികളാക്കി മാറ്റും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ക്രമാതീതമായാല്‍ മെഡിക്കല്‍ കോളേജുകളുള്‍പ്പടെ സംസ്ഥാനത്തെ 27 പ്രധാന ആശുപത്രികള്‍ സമ്പൂര്‍ണ്ണ കോവിഡ് ആശുപത്രികളാക്കി മാറ്റും. സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ക്കും പരിശീലനം നല്‍കിത്തുടങ്ങി. സമ്പര്‍ക്ക തോതും രോഗികളുടെ എണ്ണവും പരിധി കടന്നാല്‍ പരിശോധനാ സംവിധാനങ്ങളും ചികിത്സയും വെല്ലുവിളിയാകും.

കോവിഡ് ചികിത്സയ്ക്ക് പ്ലാന്‍ എ, പ്ലാന്‍ ബി. പ്ലാന്‍ സി ഇങ്ങനെ തിരിച്ചാണ് ആസൂത്രണം. പുറത്ത് നിന്നെത്തുന്നവര്‍ക്കായി ആരോഗ്യവകുപ്പ് ഒരുക്കിയിരിക്കുന്ന 462 കോവിഡ് കെയര്‍ സെന്ററുകളിലായി 16144 കിടക്കകളാണ് തയാറാണ്. ലക്ഷണമുള്ളവരെ മാറ്റാന്‍ 207 സര്‍ക്കാര്‍ ആശുപത്രികള്‍ ഒരുക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജുകള്‍, ജില്ലകളിലെ പ്രധാന ആുപത്രികള്‍ എന്നിവയെ രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാല്‍ പൂര്‍ണമായും കോവിഡ് ആശുപത്രികളാക്കി മാറ്റും. 125 സ്വകാര്യ ആശുപത്രികളും സന്നദ്ധത അറിയിച്ചിട്ടുണ്ട്. 11,084 ഐസൊലേഷന്‍ കിടക്കകളും 1679 ഐസിയു കിടക്കകളും ഇതിലൂടെ ലഭിക്കും. 

അടുത്ത ഘട്ടമെന്ന നിലക്ക് സ്വകാര്യ മേഖലയിലെ മൊത്തം 8011 ആശുപത്രികളുടേയും സേവന ഉപയോഗിക്കും. നിലവിലെ രോഗവ്യാപന തോത് അനുസരിച്ച് ഈ നിശ്ചയിച്ച ക്രമീകരണം ധാരാളം. പക്ഷെ കണക്കുകൂട്ടിയതില്‍ നിന്ന് രോഗികളുടെ എണ്ണം മുകളിലോട്ടു പോയാലാണ് വെല്ലുവിളി. ടെസ്റ്റ് കിറ്റുകളുടെ ലഭ്യതയാണ് പ്രധാന പ്രശ്‌നം. സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ കൂടിയതോടെ പരിശോധനകള്‍ എണ്ണം കൂടി. 1509, 1312 എന്നിങ്ങനെയാണ് കഴിഞ്ഞ രണ്ട് ദിവസം മാത്രമയച്ച സാമ്പിളുകള്‍. ഇതേ തോതില്‍ പരിശോദിച്ചാലും രണ്ട് മാസത്തേക്കുള്ള കിറ്റുകളുടെ സ്റ്റോക്ക് ഉണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ വ്യക്തമായ കണക്ക് നല്‍കുന്നില്ല. എച്ച്എല്‍എല്ലുമായി ആഴ്ച്ചകള്‍ക്ക് മുന്‍പ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ക്കായി കരാറായെങ്കിലും സാങ്കേതിക തടസ്സങ്ങളില്‍ കുരുങ്ങി നീളുകയാണ്. ഒരു ലക്ഷം കിറ്റുകലാണ് വരേണ്ടിയിരുന്നത്. പരിശോധന തുടരുകയാണന്നാണ് വിശദീകരണം.