ഇടതു മുന്നണിക്ക് തുടർ ഭരണം - ഏഷ്യാനെറ്റ് ന്യൂസ് സർവ്വേ

ഇടതു മുന്നണിക്ക് തുടർ ഭരണം - ഏഷ്യാനെറ്റ് ന്യൂസ് സർവ്വേ

തിരുവനന്തപുരം : കേരളത്തിൽ ഇപ്പോൾ നിയമസഭ തെരഞ്ഞെടുപ്പ്‌ നടത്തിയാൽ ചരിത്രത്തിലാദ്യമായി എൽഡിഎഫ്‌ തുടർഭരണം നേടുമെന്ന്‌ പ്രവചിച്ച്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ‐ സീ ഫോർ സർവ്വേ ഫലം. എൽഡിഎഫ് 77 മുതൽ 83 സീറ്റ് വരെ നേടാമെന്ന് സർവേ പ്രവചിക്കുന്നു. യുഡിഎഫ് 54 മുതൽ 60 സീറ്റ് വരെ നേടാം. എൻഡിഎ 3 മുതൽ 7 സീറ്റ് വരെ നേടാം എന്നും സർവേ പ്രവചിക്കുന്നുണ്ട്.

എൽഡിഎഫിന് 42 ശതമാനം വോട്ട് വിഹിതം ലഭിക്കും. യുഡിഎഫിന് 39 ശതമാനം. എൻഡിഎയ്ക്ക് 18 ശതമാനം. ഓരോ മുന്നണിയും ഈ വോട്ട് വിഹിതത്തെ സീറ്റുകൾ നേടുന്നതിലേക്ക് എത്തിക്കുന്നതാകും നിർണായകം എന്നും സർവേ കണക്കുകൂട്ടുന്നു. സംസ്ഥാനത്ത് ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാൽ വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും ഇടതുമുന്നണിയും മധ്യകേരളത്തിൽ യുഡിഎഫും നേട്ടമുണ്ടാക്കുമെന്ന് വിലയിരുത്തൽ. വടക്കൻ കേരളത്തിൽ 42 സീറ്റുകളും തെക്കൻ കേരളത്തിൽ 22 സീറ്റുകൾ വരെയും ഇടതുമുന്നണി നേടുമെന്നാണ് സർവേ ഫലം​​​​​​ പ്രവചിച്ചത്.

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 91 സീറ്റുകൾ ലഭിച്ചു. യുഡിഎഫിന് 47 സീറ്റുകളാണ് ലഭിച്ചത്. എൻഡിഎയ്ക്ക് ഒരു സീറ്റും. വോട്ട് വിഹിതമിങ്ങനെയായിരുന്നു. എൽഡിഎഫിന് ലഭിച്ചത് 43.48% ആണ്. യുഡിഎഫിന് 38.81%. എൻഡിഎയ്ക്ക് 14.96%.

നിയമസഭാ തെരഞ്ഞെടുപ്പിൽ ആരാകണം മുഖ്യമന്ത്രിയെന്ന ചോദ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻതന്നെ വീണ്ടും കേരളത്തെ നയിക്കണമെന്ന്‌ ആഗ്രഹിക്കുന്നതവരാണ്‌ കൂടുതൽപേരും. യുഡിഎഫിൽനിന്ന്‌ ഉമ്മൻചാണ്ടിക്കാണ്‌ മുൻതൂക്കം. 27 ശതമാനം വോട്ടോടെ പിണറായി വിജയൻ പട്ടികയിൽ മുന്നിലെത്തിയപ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പിന്തുണച്ചത് 23 ശതമാനം പേരാണ്.

മന്ത്രി കെ കെ ശൈലജ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. 12 ശതമാനം പേരാണ് കെ കെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നത്. സര്‍വേയിൽ പങ്കെടുത്ത 7 ശതമാനം പേര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ആണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കിട്ടിയത് 5 ശതമാനം പേരുടെ പിന്തുണയാണ്