ആഗസ്റ്റ് 15 ന് കോവിഡ്‌ വാക്‌സിനെന്ന ഐസിഎംആർ പ്രഖ്യാപനം ; അന്തംവിട്ട്‌ ശാസ്‌ത്രലോകം

ആഗസ്റ്റ് 15 ന് കോവിഡ്‌ വാക്‌സിനെന്ന ഐസിഎംആർ പ്രഖ്യാപനം ; അന്തംവിട്ട്‌ ശാസ്‌ത്രലോകം

ന്യൂഡൽഹി :സ്വാതന്ത്യ ദിനത്തിൽ കോവിഡ്‌ വാക്‌സിൻ പുറത്തിറക്കുമെന്ന  ഐസിഎംആർ പ്രഖ്യാപനം  യാഥാർഥ്യബോധമില്ലാത്തതാണെന്ന്‌ ശാസ്‌ത്രജ്ഞർ . ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തീകരിച്ച്‌ ഈ സമയപരിധിക്കുള്ളിൽ വാക്‌സിൻ പുറത്തിറക്കുകയെന്നത്‌ അസാധ്യമാണെന്ന്‌ പ്രമുഖ വൈറോളജിസ്‌റ്റും വെൽക്കം ട്രസ്‌റ്റ്‌–-ഡിബിടി അലയൻസ്‌ ചീഫ്‌ എക്‌സിക്യൂട്ടീവുമായ ഷഹീദ്‌ ജമാൽ പറഞ്ഞു.

ശാസ്‌ത്രസമൂഹം ഇന്ത്യയെ പരിഹസിക്കും. ശാസ്‌ത്രലോകത്ത്‌ ഇന്ത്യയുടെ സ്ഥാനം മികച്ചതാണ്‌. ഇത്തരം അവകാശവാദങ്ങൾ ഉയർത്തിയാൽ ഇന്ത്യയുടെ വിശ്വാസ്യത നഷ്ടപ്പെടുമെന്നും അദ്ദേഹം  പറഞ്ഞു.ഐസിഎംആറിന്റെ പ്രഖ്യാപനം അസ്വസ്ഥത സൃഷ്ടിക്കുന്നതാണെന്ന്‌ ഇന്ത്യൻ വാക്‌സിൽ മാനുഫാക്‌ചേഴ്‌സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ അദർ പൂണവാല പ്രതികരിച്ചു. 

ക്ലിനിക്കൽ പരീക്ഷണങ്ങളിലേക്ക്‌ നീങ്ങുന്നതിനുമുമ്പ്‌  വാക്‌സിൻ ഒരു മാസത്തിനകം പുറത്തിറക്കുമെന്ന്‌ പ്രഖ്യാപിക്കുന്നത്‌ കേട്ടുകേൾവിയില്ലാത്തതാണെന്ന്‌ കല്യാണിയിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ബയോമെഡിക്കൽ ജെനറ്റിക്‌സ്‌ സ്ഥാപക ഡയറക്ടർ പാർഥ മജുംദാർ പറഞ്ഞു.