ഇന്ത്യ - ചൈന തര്‍ക്കത്തില്‍ അമേരിക്ക ഇടപെട്ടതായി റിപ്പോര്‍ട്ട്

ഇന്ത്യ - ചൈന തര്‍ക്കത്തില്‍ അമേരിക്ക ഇടപെട്ടതായി റിപ്പോര്‍ട്ട്

ദില്ലി: ഇന്ത്യ - ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ അമേരിക്ക ഇടപെട്ടതായി സൂചന. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപയോ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറെ ടെലിഫോണിലൂടെ ബന്ധപ്പെട്ട് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായാണ് പുറത്തു വരുന്ന വിവരങ്ങള്‍. അതേസമയം ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇരുരാജ്യങ്ങളും പുറത്തു വിട്ടിട്ടില്ല. 

അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി അതിര്‍ത്തയില്‍ നടത്തിയ സന്ദര്‍ശനത്തിന് പിന്നാലെ ചൈനീസ് അതിര്‍ത്തിയില്‍ ഉടനീളം ഇന്ത്യ സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെത്തി നേരിട്ട് സൈനികരെ കണ്ടതും അതിര്‍ത്തിയിലെ സാഹചര്യം വിലയിരുത്തിയതും. 

ഗല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുപത് സൈനികര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെ രാജ്യത്താകെ ചൈനീസ് വിരുദ്ധ വികാരം ശക്തമായി നിലനില്‍ക്കുകയാണ്. വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നാരോപിച്ച് നേരത്തെ 59 ചൈനീസ് ആപ്പുകളുടെ പ്രവര്‍ത്തനം ഇന്ത്യ നിരോധിച്ചിരുന്നു.